കൊച്ചു കൊച്ചു കുലുക്കങ്ങള്‍...
“ടാ...നിക്ക്, നിക്ക്”
ചേച്ചി എന്നെ കൈ പിടിച്ചു നിര്‍ത്തി.
“നിനക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ ?”
“ഇല്ലാ...എന്തേ?”
“നീ ഒന്ന് സൂക്ഷിച്ചു നോക്ക്...”
ചേച്ചി അടുത്തുള്ള ഷര്‍ട്ടുകള്‍ തൂക്കിയിട്ടിരിക്കുന്ന സ്റ്റാന്റിലേക്ക് കൈ ചൂണ്ടി.
സ്റ്റാന്റില്‍ തൂക്കിയിട്ടിരിക്കുന്ന ഷര്‍ട്ടുകള്‍ എല്ലാം നിന്ന് വിറക്കുന്നു, പതിയേ.
“ടാ, ഭൂമികുലുങ്ങുന്നു...”
“എഹ് !!!”
“ഭൂമികുലുക്കം !!!”
**********************************************************************************************
“പ്രപഞ്ച നാഥാ, ജപ്പാനില്‍ എത്തുമ്പോള്‍ ഒരു ചെറിയ ഭൂമികുലുക്കം ഉണ്ടാവണേ, ചെറിയ ഒരണ്ണം. ആര്‍ക്കും ഒന്നും പറ്റരുത്, ഈ ഭൂമികുലുക്കം എങ്ങിനെയാന്നെന്നു ഒന്ന് അറിയാന്‍ വേണ്ടി മാത്രം. ഒരു കൊച്ചു ഭൂമികുലുക്കം, പ്ലീസ് !”
ജപ്പാനില്‍ പോവുന്നതിനു മുന്നേ ഉള്ള എന്റെ ഒരു എളിയ പ്രാര്‍ത്ഥന !
ആരും കേള്‍ക്കണ്ട !
സുഷി, ഷിഗേന്‍സെന്‍ (ബുള്ളറ്റ് ട്രെയിന്‍), ഫ്യുജിയാമ (മൌണ്ട് ഫുജി) പിന്നെ ഒരു കൊച്ചു ഭൂമികുലുക്കവും. ജപ്പാന്‍ യാത്രയില്‍, അനുഭവിച്ചു അറിയണം എന്ന് ആഗ്രഹിച്ച നാലു കാര്യങ്ങള്‍.
ഇതില്‍ ആദ്യത്തെ മൂന്നും നമ്മുക്ക് ഒന്ന് പരിശ്രമിച്ചാല്‍ സാധിക്കും.
പക്ഷേ, ഭൂമികുലുക്കം...അതിങ്ങനെ ഒരു ചോദ്യ ചിന്ഹമായി മനസ്സില്‍ കിടന്നു.
ചില കാര്യങ്ങള്‍ അങ്ങിനെയാണ്; നമ്മുക്ക് ആഗ്രഹിക്കാം, പരിശ്രമിക്കാം, നേടിയെടുക്കാം.
പക്ഷേ ചില കാര്യങ്ങള്‍..ആഗ്രഹിക്കാം, ആഗ്രഹിക്കാന്‍ മാത്രമേ പററൂ.
അതുകൊണ്ടാണ്, ഞാന്‍ നാലാമത്തെ ആഗ്രഹം പ്രപഞ്ച ശക്തിക്ക് വിട്ടത്...
ഒരു കൊച്ചു ഭൂമി കുലുക്കം. പ്ലീസ്…
ജപ്പാനില്‍ എത്തിയതിനു ശേഷമുള്ള ഒരു ശനിയാഴ്ച.
വീക്ക്‌ന്‍ഡ് അവധി ആയതു കൊണ്ട് എല്ലാവരും വീട്ടിലുണ്ട്.
ഞാനും ചേച്ചിയും കൂടി ഒന്ന് കറങ്ങിയാലോ എന്നൊരു ആലോചന.
അപ്പയേയും മക്കളെയും വീട്ടില്‍ ഇരുത്തി, ആങ്ങളയും പെങ്ങളും കൂടി ചുമ്മാ ഒരു കറക്കം.
സ്ഥലം ‘കിന്‍ഷിന്‍ചോ.’
ചേച്ചിയുടെ സ്വന്തം കിന്‍ഷിന്‍ചോ.
ചേച്ചിയുടെ കളിത്തട്ട്, വിഹാരരംഗം എന്നൊക്കെ പറയാം ഈ കിന്‍ഷിന്‍ചോയെ.
നാട്ടില്‍ നിന്ന് ചേച്ചിയെ വിളിച്ചാല്‍;
“ടാ, ഞാന്‍ കിന്‍ഷിന്‍ചോ വന്നേക്കാ”
“ടാ, ഞാന്‍ ട്രെയിനിലാ, കിന്‍ഷിന്‍ചോ..(കൂടെ ഒരു പുഞ്ചിരി സമൈലിയും)”
“നീ കുറച്ചു കഴിഞ്ഞു ഓണ്‍ലൈന്‍ വാ, ഞാന്‍ കിന്‍ഷിന്‍ചോ പോവാ..”
കിന്‍ഷിന്‍ചോ ഇനി ചേച്ചിക്ക് ജപ്പാന്‍കാര്‍ എഴുതി കൊടുത്തോ എന്ന് പോലും സംശയം തോന്നും ചിലപ്പോ...
ഇതിനും മാത്രം എന്താണ് ഈ കിന്‍ഷിന്‍ചോയില്‍ എന്ന് ഒന്ന് അറിയണം.
കൂടാതെ ഒരു ചെറിയ ഷോപ്പിങ്ങും.
കിന്‍ഷിന്‍ചോ.
ടോക്യോയിലെ ഒരു പ്രധാന കച്ചവട കേന്ദ്രം എന്ന് തന്നെ പറയാമെന്നു തോന്നുന്നു.
സ്റ്റേഷന്‍ ഇറങ്ങി, നഗരത്തിലേക്ക് ഇറങ്ങുന്നത് വരെ ഇരുവശത്തും കടകള്‍.
പലതരം വസ്തുക്കള്‍ ഇങ്ങനെ വില്‍പ്പനക്ക് വച്ചിരിക്കുന്നു.
സോപ്പ്, ചീപ്പ്, കണ്ണാടി മുതല്‍ എല്ലാം അവിടെ കിട്ടും എന്നാണ് ചേച്ചി പറയുന്നത്.
ഞാന്‍ സ്റ്റേഷനു ചുറ്റും ഒന്ന് കണ്ണോടിച്ചു.
നിറയെ വലിയ വലിയ കെട്ടിടങ്ങള്‍; മിക്കവയും ഷോപ്പിംഗ് സെന്ററുകള്‍ തന്നെ.
ഞങ്ങള്‍ പതിയെ നഗരത്തിലേക്ക് ഇറങ്ങി.
ചേച്ചിയുടെ പ്രിയപ്പെട്ട കുറച്ചു ഇടങ്ങളുണ്ട് കിന്‍ഷിന്‍ചോയില്‍.
നേരെ അതില്‍ ഒരണ്ണത്തിലേക്ക് വച്ച് പിടിച്ചു.
ഈ സെന്ററും അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടം തന്നെ.
ഞങ്ങള്‍ എത്തിയപ്പോ ആ ഷോപ്പിംഗ് മാളിന്റെ മുന്‍പില്‍ ഒരു ജനകൂട്ടം.
ജനങ്ങള്‍ ഇങ്ങനെ വട്ടം കൂടി നില്‍ക്കുന്നു. ചെന്ന് നോക്കിയപ്പോ എന്താ സംഗതി ?
ഒരു തെരുവു അഭ്യാസി, കുറെ കസേരകള്‍ ഒക്കെ വച്ച് കസര്‍ത്ത് കാണിക്കുന്നു.
കുറച്ചു നേരം അവിടെ നിന്ന് അത് ആസ്വദിച്ച്, ഞങ്ങള്‍ മാളിലേക്ക് കയറി.
“ടാ, നീ വേണേല്‍ മാള്‍ ഒന്ന് കറങ്ങിക്കോ, ഞാന്‍ ഇവിടെ ഒന്ന് കേറി നോക്കട്ടെ”
ചേച്ചി ഗ്രൌണ്ട് ഫ്ലോറിലെ ഒരു ബാഗ് കടയിലേക്ക് ചൂണ്ടി പറഞ്ഞു.
“ഓക്കേ, എന്നാ ഞാന്‍ ഒന്ന് കറങ്ങിയിട്ട് വരാം.”
ഞാന്‍ ആ വലിയ ഷോപ്പിംഗ് സെന്റര് കാണാന്‍ ഇറങ്ങി.
മാളില്‍ കയറിയിട്ട് സമയം പോയതറിഞ്ഞില്ല, മാള്‍ മൊത്തം നടന്നു കണ്ടു.
ഞാന്‍ തിരിചെത്തിയപ്പോഴും ചേച്ചി ആ കടയില്‍ തന്നെ.
ദൈവമേ, ഇത്രേം നേരം ഒരേ കടയില്‍, എന്നാ വല്ലതും വാങ്ങിയിട്ടുണ്ടോ..എഹ്ഹെ !!
“ചേച്ചി, ഒന്നും കിട്ടിയില്ലേ ?”
“ഈ ബാഗ് എനിക്ക് ഇഷ്ടപ്പെട്ടു, പക്ഷേ വേറെ ഒരു സ്ഥലത്തും കൂടി നോക്കാം. എന്നിട്ട് ആലോചിക്കാം”
“ആഹാ! ബെസ്റ്റ്”
“ടാ, വാ നമ്മുക്ക് ഇനി മുകളിലോട്ടു പോവാം, മെന്‍സ്ന്റെ അവിടെയാണ്”
“ഓക്കേ, എന്നാ വാ..”
ഞങ്ങള്‍ പതിയെ മുകളിലെ നിലയിലേക്ക് കയറി.
മുകളില്‍ കയറി എത്തിയതും, ചേച്ചി;
“ടാ, നിക്ക്, നിക്ക്..ഭൂമി കുലുങ്ങുന്നുണ്ടോ എന്നൊരു സംശയം”
ഞങ്ങള്‍ രണ്ടു പേരും കുറച്ചു നേരം അവിടെ അനങ്ങാതെ നിന്നു.
ഒന്നും സംഭവിക്കുന്നില്ല.
“ചേച്ചിക്ക് ചുമ്മാ തോന്നിയതാവും” ഞാന്‍.
“ഹ്മ്മ്മം...”
ഭൂമി ഒന്ന് കുലുങ്ങിയ നല്ലതായിരുന്നുയെന്ന് മനസ്സില്‍ ഓര്‍ത്തു ഞാന്‍ പതിയെ നടന്നു.
പെട്ടന്ന് ചേച്ചി എന്നെ കൈ പിടിച്ചു നിര്‍ത്തി.
“ടാ...നിക്ക്, നിക്ക്”
“നിനക്ക് ഒന്നും തോന്നുന്നില്ലാ ?”
“ഇല്ലാ...എന്തേ?”
“നീ ഒന്ന് സൂക്ഷിച്ചു നോക്ക്...”
ചേച്ചി അടുത്തുള്ള ഷര്‍ട്ടുകള്‍ തൂക്കിയിട്ടിരിക്കുന്ന സ്റ്റാന്റിലേക്ക് കൈ ചൂണ്ടി.
സ്റ്റാന്റില്‍ തൂക്കിയിട്ടിരിക്കുന്ന ഷര്‍ട്ടുകള്‍ എല്ലാം നിന്ന് വിറക്കുന്നു, പതിയേ.
“ടാ, ഭൂമികുലുങ്ങുന്നു...”
“എഹ് !!!”
“ഭൂമികുലുക്കം !!!”
“ശെരിക്കും ഭൂമി കുലുങ്ങുന്നു, ദൈവമേ..”
ഞാന്‍ ഒന്ന് ചുറ്റും നോക്കി. ആര്‍ക്കും ഒരു കുലുക്കവുമില്ല...
ഒരാള്‍ അവിടെ പാകത്തിനുള്ള ഷര്‍ട്ട് തപ്പി കൊണ്ടിരിക്കുന്നു.
വേറെ ഒരാള്‍ ചെരുപ്പ് ഇട്ടു നോക്കുന്നു.
കുറെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കുറച്ചു പേര്‍ മൊബൈല്‍ നോക്കുന്നു.
ആര്‍ക്കും പേടിയോ പരിഭ്രമമോ ഒന്നുമില്ലാ.
എന്തിനോ വേണ്ടി കുലുങ്ങുന്ന ഭൂമി.
ഒരു പത്തു സെക്കന്റ് നീണ്ടു നിന്ന് കാണും ആ കുലുക്കം.
പെട്ടന്ന് തന്നെ മാളില്‍ ഒരു അന്നൌന്സെമെന്ട വന്നു.
“ഭൂകബമാപിനിയില്‍ ഏതാണ്ട് അഞ്ചിനോട് അടുത്ത തീവ്രതയിലുള്ള ഭൂകംബമാണ്, പേടിക്കാന്‍ ഒന്നുമില്ല.” ചേച്ചി തര്‍ജമ ചെയ്തു തന്നു.
എല്ലാവരും വീണ്ടും പഴയപടി അവരവരുടെ കാര്യങ്ങളിലേക്ക്.
“അയ്യേ, ഇതാണോ ഭൂമി കുലുക്കം !!!”
ഇതും പറഞ്ഞു ഞാന്‍ ചേച്ചിയെ ഒന്ന് നോക്കി.
“എന്തേടാ, നിനക്ക് ഇഷ്ടപെട്ടില്ലേ.” ചേച്ചി.
“അല്ലാ, ഇതെന്തു കുലുക്കം. ഭൂമി കുലുക്കം എന്നൊക്കെ പറഞ്ഞപ്പോ എന്റെ മനസ്സില്‍ ഒരു സങ്കല്‍പ്പം ഉണ്ടായിരുന്നു...ഇതെന്തു...എന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലാ..”
“പിന്നേ...ഒന്ന് പോടാ ചെക്കാ...ശെരിക്കുള്ള ഭൂമികുലുക്കം അറിയാണ്ടാ അവനു...ഞാന്‍ പേടിച്ചത് എനിക്കേ അറിയൂ..”
ചേട്ടനും ചേച്ചിയുമൊക്കെ തോഹോക്കു (ഫുകുഷിമ ആണവ ദുരന്തം) ഭൂമികുലുക്കത്തിന്റെ അലയടികള്‍ അനുഭവിച്ചവരാണ്. തോഹോക്കു കുലുക്കത്തിന്റെ തീവ്രത ഏകദേശം ഒന്‍പതിന് മേലയാണ്. ജപ്പാന്‍ രാജ്യം ആകെ ഒന്ന് വിറച്ചു, രണ്ടായിരത്തിപതിനൊന്നു
മാര്‍ച്ചിലെ ആ തീവ്ര കുലുക്കത്തില്‍..
അങ്ങനെയിരിക്കുന്ന ചേച്ചിയോടാണ് ഞാന്‍ “ഭൂമികുലുക്കം എന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലാ..” എന്ന് പറയുന്നത്.
“ഭുകംബോന്നും ഉണ്ടാവാതിരിക്കട്ടെ...” ചേച്ചി നെടുവീര്‍പ്പിട്ടു.
“നീ വാ..നമ്മുക്ക് നമ്മുടെ കാര്യങ്ങളിലേക്ക് കടക്കാം”
“ഓക്കേ, വാ..”
ഞങ്ങള്‍ രണ്ടു പേരും പതിയെ ആ ഷര്‍ട്ടുകള്‍ക്കിടയിലൂടെ നടന്നു.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം, തിങ്കളാഴ്ച.
രാത്രി ഏകദേശം പത്തുമണി.
ചേട്ടന്‍ എത്തിയിട്ടില്ല, ചേച്ചിയും പിള്ളേരും കിടന്നു.
ഞാന്‍ പതിവ് പോലെ ഒരു പുസ്തകവും വായിച്ചു കിടക്കുന്നു.
“റൈന്‍ ഇന്‍ ദി മൌന്റൈന്‍സ്” എന്ന റസ്കിന്‍ ബോണ്ട് കൃതി.
പ്രിസ്ക്രിപ്ഷന്‍ വേണ്ടാത്ത ഉറക്ക ഗുളികകള്‍ ആണ് ഞങ്ങള്‍ക്ക് പുസ്തകങ്ങള്‍.
രാത്രി ഉറങ്ങുന്നതിനു മുന്നേ രണ്ടു പേജ്, അതാണ് കണക്കു.
പതിവു പോലെ വായിച്ചു തുടങ്ങിയതും ഉറക്കം വന്നു.
വേഗം ചെന്ന് ലൈറ്റ് അണച്ചു, ഉറക്കം നഷ്ട്ടപെടുത്തരുതല്ലോ...ഏതു.
കിടന്നു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞില്ലാ...
കട്ടില്‍ കിടന്നു ആടാന്‍ തുടങ്ങി.
പാതി മയക്കത്തില്‍ എനിക്കൊന്നും മനസിലായില്ല.
ഞാന്‍ കിടക്കുന്ന മുറി, പുറത്തെ വരാന്തയുടെ അടുത്തായതു കൊണ്ട് പുറത്തു നിന്നുള്ള അരണ്ട വെളിച്ചം മുറിയിലേക്ക് വരുന്നുണ്ട്.
ആ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടു...
മുറിയില്‍ പുസ്തകള്‍ വച്ചിരിക്കുന്ന ചെറിയ അലമാര നിന്ന് ആടുന്നു.
മേശമേലുള്ള പെന്‍ സ്റ്റാന്റ് മുതലായ സാധങ്ങള്‍ നിന്ന് വിറക്കുന്നു.
ഞാന്‍ കിടക്കുന്ന കട്ടില്‍ കിടന്നു ആടുന്നു, ഇപ്പൊ ആട്ടത്തിന്റെ ശക്തി കൂടി.
ദൈവമേ, ഇത് മറിഞ്ഞു വീഴുമോ ??
പെട്ടന്നാണ് എന്താ സംഭവിക്കുന്നതന്നുള്ള ബോധോദയം വന്നത്.
ഭൂകമ്പം !!!
ദുരന്തങ്ങള്‍ എപ്പോഴും ഓര്‍ക്കാപുറത്താണല്ലോ സംഭവിക്കുന്നത്.
എനിക്കൊന്നും സംഭവിക്കില്ല എന്ന മനുഷ്യന്റെ സഹജ മനോഭാവമായിരിക്കുമോ ദുരന്തങ്ങള്‍ എപ്പോഴും ഓര്‍ക്കാപുറത്താവാന്‍ കാരണം, എന്തോ എനിക്കു അറിയില്ലാ.
പക്ഷേ രാത്രി നേരത്ത് ഇങ്ങനെ ഒരു കുലുക്കം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.
ഞാന്‍ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു, ചേച്ചിയെ വിളിക്കാന്‍ ഓടി.
“ചേച്ചി...”
ചേച്ചി ആഷുനെ എടുക്കുന്നു. ഞാന്‍ പൊന്നാമിയെ എടുക്കുന്നു.
ഓടുന്നു, ഓടി കോണി പടിയിറങ്ങുന്നു.
എലെവേറ്റര്‍ ഇങ്ങനത്തെ അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല .
ചേട്ടന്‍ ഇപ്പൊ ട്രെയിനില്‍ ആവും, അവിടെ എന്തെങ്കിലും സംഭവിച്ചു കാണുമോ...?
പന്ത്രണ്ടാം നിലയിലാണ് ഫ്ലാറ്റ്.
അവിടെന്നു കോണി ഇറങ്ങി താഴെ എത്തുമ്പോഴേക്കും ഈ കെട്ടിടം താഴോട്ടു വീഴുമോ ?
ഇനി വല്ല മേശയുടെ അടിയില്‍ ഇരുന്നാലോ ?
ദൈവമേ, ഇതാണോ ഭുമികുലുക്കം..
എന്റെ മുറിയില്‍ നിന്ന് പത്തടി മാത്രം ദൂരെയുള്ള മുറിയിലേക്ക് ചേച്ചിയെ വിളിക്കാന്‍ ഓടുന്നതിനിടയില്‍ ഇത്രേം സംഗതികള്‍ എന്റെ മനസിലൂടെ പോയി.
ചിന്തകള്‍ക്ക് തന്നെ, പ്രകാശത്തേക്കാള്‍ വേഗം.
“ചേച്ചി, എണീക്ക്...എണീക്ക്... ഭൂമികുലുങ്ങുന്നു..”
“എന്തേടാ..എന്തേ ??” ചേച്ചി .
“ചേച്ചി, ഭുമികുലുക്കം.”
ഭുമികുലുക്കം എന്ന് കേട്ടതും, ചേച്ചിയുടെ മുഖം മാറി.
ഞാന്‍ പ്രതീക്ഷിച്ചതിനു വിപരീതമായി, വളരെ ശാന്തമായി ഭാവം.
ഏതാണ്ട് ധ്യാനത്തില്‍ ഇരിക്കുന്ന ഒരു സെന്‍ സന്യാസിയുടെ ശാന്തത.
എന്നെ പേടിപ്പിക്കണ്ട എന്ന് കരുതിയാവും.
ചേച്ചി ചുറ്റും ഒന്ന് നോക്കി, “ഹ്മ്മം, ഭുമി കുലുങ്ങുന്നുണ്ട്”.
ഞാന്‍ ഇങ്ങനെ ഹാളിലെ സിലിങ്ങില്‍ ഉള്ള ലൈറ്റ്നെ നോക്കി നില്കാണ്.
ലൈറ്റ് നിന്ന് വിറക്കുന്നു. ആ കെട്ടിടം നിന്ന് ആടുന്നത് ശെരിക്കും അറിയാം.
“നീ ഒരു കാര്യം ചെയ്യ്, ആ ടി വി വെക്ക്.” ചേച്ചി.
“ചേച്ചി എന്ത് തേങ്ങയാ ഈ പറയണേ, കെട്ടിടം നിന്ന് കുലുങ്ങുമ്പോ ടി വി വെക്കാനോ ?”
ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
എന്തേലും ആവട്ടെ, ഞാന്‍ വേഗം ടി വി വച്ചു.
ടി വിയില്‍ ദാ ന്യൂസ്;
“ടോക്യോ നഗരത്തില്‍ ചെറിയ തോതില്‍ ഭൂചലനം, തീവ്രത ഏകദേശം അഞ്ചുനോട് അടുത്ത്. പേടിക്കാന്‍ ഒന്നുമില്ലാ. ചെറിയ തുടര്‍ ചലനങ്ങള്‍ കണ്ടേക്കാം.”
ജപ്പാനില്‍ അത്യാവശ്യം തീവ്രതയുള്ള ഭുകമ്പം ഉണ്ടായാല്‍ അത് അപ്പോള്‍ തന്നെ ടി വിയില്‍ സംപ്രേക്ഷണം ചെയ്യുമത്രേ, ആ സമയത്ത് ടി വിയില്‍ ഏതു കൊല കൊമ്പന്‍ പരിപാടിയാണെങ്കിലും അത് മാറ്റി ഭുകംബത്തെ പറ്റിയും, സുനാമി മുന്നറിയിപ്പ്നെ കുറിച്ചായിരിക്കും ടി വിയില്‍ പിന്നെ. അപകടം ഒന്നുമില്ല എന്ന് ഉറപ്പാവുന്നത് വരെ അത് തുടരുമത്രേ. ഹോ !
“ഹാവു” എനിക്ക് ഒരു സമാധാനമായി.
“ഈ ഭുകബം നിന്റെ സങ്കല്പ്പതിനനുസരിച്ചു ഉയര്‍ന്നോ ??”
ഒരു ചിരിയോടു കൂടി ചേച്ചിയുടെ ചോദ്യം.
“മനുഷ്യന്‍ ഇവിടെ പ്രാണന്‍ പോയി നില്‍കുമ്പോഴാണ്. ചേച്ചി...”
ഞങ്ങള്‍ കുറച്ചു നേരം കൂടി ടി വിയില്‍ ഭുകമ്പത്തെ പറ്റിയുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു.
അപ്പോഴേക്കും കുലുക്കവും ആട്ടവും ഒക്കെ നിലച്ചു.
വാസ്തവത്തില്‍ ഈ കുലുക്കവും കിന്‍ഷിന്‍ചോയില്‍ ഉണ്ടായ കുലുക്കവും തമ്മില്‍ തീവ്രതയില്‍ വലിയ വ്യത്യാസമില്ല.
പക്ഷേ ഇവിടെ പന്ത്രണ്ടാം നിലയില്‍ ആയതു കൊണ്ടാണ് ഇങ്ങനെ ഭീകരമായി അനുഭവപെട്ടത്.
എന്തായാലും ഭുകമ്പം അനുഭവിച്ചറിഞ്ഞു !!
ചേച്ചിയും ഞാനും കുറച്ചു നേരം കൂടി അവിടെയിരുന്നു ഒരു ചര്‍ച്ച നടത്തി.
ഭുകബവും ജപ്പാനും എന്ന് വേണമെങ്കില്‍ പറയാം, ആ ചര്‍ച്ചയുടെ വിഷയത്തെ.
കുലുക്കത്തിന്റെ ഞെട്ടല്‍ മാറി കഴിഞ്ഞപ്പോള്‍, ഉറക്കം വീണ്ടും ഞങ്ങളെ മാടി വിളിച്ചു.
ബാക്കി നാളെയാവാം എന്ന് പറഞ്ഞു ഞങ്ങള്‍ പതിയെ കട്ടിലിലേക്ക്.
കട്ടിലിലേക്ക് കയറുന്നതിനു മുന്നേ ഞാന്‍ ഒന്ന് കൂടി പ്രാര്‍ത്ഥിച്ചു;
“ഇനിയും ഭൂമികുലുക്കങ്ങള്‍ വരുത്തല്ലേ എവിടെയും, പ്ലീസ്…”
വാല്‍കഷ്ണം
ഭൂമി കുലുങ്ങുമ്പോള്‍, ടി വി വെക്കുക; എനിക്ക് വളരെ വിചിത്രമായി തോന്നിയ ഒരു കാര്യം.
പുറത്തേക്ക് ഇറങ്ങി ഓടുന്നതിന് പകരം ടി വി ! വിചിത്രം തന്നെ.
പക്ഷേ ഇത് വിരല്‍ ചൂണ്ടുന്നത് ഭൂകമ്പത്തെ ചെറുത്തു തോല്പ്പികാനുള്ള ജപ്പാനിലെ സംവിധാനങ്ങളുടെ കെട്ടുറപ്പിനെയാണ്. പ്രകൃതി ദുരന്തങ്ങള്‍ താരതമ്യേന കുറവായ കേരളത്തില്‍ നിന്ന്, ഭുകംബങ്ങളുടെ നാടായ ജപ്പാനില്‍ എത്തിയിട്ട് ; ഭൂമികുലുങ്ങുമ്പോള്‍ ടി വി വെക്കാന്‍ പറയണമെങ്കില്‍, ചേച്ചിയുടെ ധൈര്യത്തേയും ആ നാട്ടിലെ ഭുകമ്പ പ്രതിരോധ സംവിധാനത്തെയും പ്രശംസിക്കാതെ വയ്യ.
ഭുകമ്പം ഒരു ശീലമാണ് ജപ്പാന്‍ ജനതക്ക്.
ചെറിയ ക്ലാസ്സ് മുതലേ കുട്ടികള്‍ക്ക് എങ്ങിനെ ഭുമികുലുക്കത്തെ നേരിടാം എന്നതിനെ പറ്റി പരിശീലനം നല്‍കുന്നു. ഏതു നേരത്തും ഒരു ഭൂമികുലുകത്തെ നേരിടാന്‍ തയ്യാറാണ് ഈ ജനത. പുതിയ സാങ്കേതിക വിദ്യകള്‍ വരുന്നതനുസരിച്ച് അവര്‍ ഭുകംബത്തെ നേരിടുന്നതിനുള്ള സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തുന്നു.
പറക്കും വീടുകള്‍ ആണത്രേ പുതിയ കണ്ടുപിടുത്തം. ഭൂമി കുലുങ്ങുബോള്‍ വീട് തറയില്‍ നിന്ന് കുറച്ചു ഇഞ്ചുകള്‍ പൊങ്ങി നില്‍ക്കുമത്രേ ! ഭൂമിയില്‍ തോട്ടാലല്ലേ കുലുക്കത്തെ പേടിക്കേണ്ടൂ. ലോകത്തില്‍ ഭുകംബത്തെ നേരിടാനുള്ള ഒരുക്കങ്ങളില്‍ ജപ്പാന്‍ കഴിഞ്ഞിട്ടേ ഉള്ളു ആരും !
ദുരന്തങ്ങള്‍ തളര്‍ത്താത്ത, അവയോടു പടവെട്ടി ജീവിക്കുന്ന ഒരു ജനത.
അത് തന്നെയാവും അവരുടെ നേട്ടങ്ങള്‍ക്ക് പിന്നിലെ ശക്തിയും.
അനുഗ്രഹീതരാണ് നമ്മള്‍, അതുകൊണ്ട് തന്നെ അലസരും.
മാറാന്‍ നമ്മുക്കും വേണ്ടി വരുമോ ദുരന്തങ്ങള്‍ ???
Comments