top of page
Writer's picturePathikan

Japan Diary - Part 5B

ഞാന്‍ വാതില്‍ തുറന്നു.

ദാ നിക്കുന്നു നമ്മുടെ അപ്പാപ്പന്‍ !


ആരാണീ അപ്പാപ്പന്‍ ?

നമ്മുടെ നാട്ടില്‍ സാദാരണ ഈ അപ്പാപ്പന്റെ റോള്‍ ‘കോക്കാച്ചി’ അല്ലെങ്കില്‍ ‘പോലീസ്’ ഒക്കയാണ് കൈകാര്യം ചെയ്യ്യുന്നത്. ഇങ്ങു ജപ്പാനില്‍ ആ ‘കോക്കാച്ചി’ റോള്‍ കൈകാര്യം ചെയ്യുന്നത് നമ്മുടെ താഴെ നിന്നുള്ള അപ്പാപ്പന്‍ ആണു. ആഷൂന്റെ പേടി സ്വപനം (ചുമ്മാ, അവനു ഒരു പേടിയുമില്ല..,). ഇപ്പൊ എന്റെയും.

ഫ്ലാറ്റിലെ കാര്യങ്ങള്‍, അതായത് ഫ്ലാറ്റിന്റെ സെക്യൂരിറ്റി, ഫ്ലാറ്റിലെ അറ്റകുറ്റ പണികള്‍ എല്ലാം നോക്കി നടത്താന്‍ വേണ്ടി ഒരു കൂട്ടം ജീവനകാരുണ്ട്. മിക്കവാറും എല്ലാരും ഒരു അറുപതു വയസിനു മുകളില്‍ ഉള്ളവരാണന്നാണ് ഞാന്‍ മനസിലാക്കിയത്. അവരാണ് നമ്മുടെ ‘അപ്പാപ്പന്‍’ റോള്‍ അവതരിപ്പിക്കുന്ന അപ്പാപ്പന്മാര്‍.


ഞാന്‍ ഒന്ന് നന്നായി കുമ്പിട്ടു വണങ്ങി...ജപ്പാന്‍ രീതികള്‍.

ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രെഷന്‍..എന്നാണാലോ പ്രമാണം.

എന്റെ തല ചിലപ്പോ കാലിന്റെ മുട്ടില്‍ തട്ടി കാണും, അമ്മാതിരി വണക്കമായിരുന്നു, എന്തോ ഭാഗ്യം നടു ഒടിഞ്ഞില്ല.

തലയൊന്നു ഉയര്‍ത്തി അപ്പാപ്പനെയോന്നു പാളി നോക്കി.

ഈ ചെക്കന്‍ ഇത് എന്തൊക്ക്യ കാണിക്കുന്ന എന്നാ മട്ടില്‍ അപ്പാപ്പന്‍.


“ഹലോ...”

“താഴേക്കു നല്ല ശബ്ദം വരുന്നുണ്ട്. താഴെ ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ ദാ ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു.” അപ്പാപ്പന്‍

“ക്ഷമിക്കണം അപ്പാപ്പാ...ഞങ്ങള്‍ അറിയാതെ...”

“അത് പിന്നേ, ഇവിടെ കുട്ടികള്‍ ഉള്ളത് അറിയാമല്ലോ. അവര് പെട്ടന്ന് അറിയാതെ, കൂടെ ഞാനും..”

“ഇനി മേലില്‍ ഉണ്ടാവാതെ ശ്രദ്ധിച്ചോളാം..സോറി അപ്പാപ്പാ...” ഞാന്‍.


ഇങ്ങനെ ഒക്കെ പറയണം എന്നായിരുന്നു എന്റെ ആഗ്രഹം.

പക്ഷേ സംഭവിച്ചത് ഇങ്ങനെയൊന്നുമല്ല.


“കൊനിചിവാ…” അപ്പാപ്പന്‍ പറഞ്ഞു തുടങ്ങി.

ഈ ഒരു വാക്ക് മാത്രമേ എനിക്ക് മനസിലായുള്ളു. ‘ഹലോ’ അതാണ്‌.

പിന്നെ ഒരു പത്തു പതിനഞ്ചു മിനിറ്റു അപ്പാപ്പന്‍ അങ്ങ് ജാപ്പനിസില്‍ കത്തിക്കയറി.

അപ്പാപ്പന്‍ ചൂടാവുന്നതാണോ, അതോ സമാധാനത്തില്‍ കാര്യം പറയുന്നതാണോ എന്നൊന്നും മനസിലാവുന്നില്ല. അപ്പാപ്പന്റെ മുഖത്ത് ഒരു ഭാവവ്യത്യാസം പോലും വരുന്നിലാ. ചൂടാവുമ്പോ സാദാരണ ശബ്ധം ഉയരുമല്ലോ, ഇത് അതുമില്ല. ആ സ്വര്‍ണ്ണ കണ്ണട വച്ച മുഖത്ത് ഒരു ഭാവ മാറ്റം. എഹ് ഹെ..

ഈ ശബ്ദപ്രശ്നം തന്നെ ആണോ അപ്പാപ്പന്‍ ഉദേശികുന്നത് എന്ന് തന്നെ മനസിലാവുന്നില്ല.

അപ്പാപ്പന്‍ ഓരോ വാക്കും പറഞ്ഞിട്ട് എന്നെ ഒന്ന് നോക്കും.

ഞാന്‍ അപ്പാപ്പനെയും നോക്കും, എന്നിട്ട് മനോഹരമായി ഒന്ന് ചിരിക്കും.

അല്ലാതെ എന്ത് ചെയ്യും, ഒരു വാക്ക്; പോട്ടെ ഒരു അക്ഷരം പോലും മനസിലാവുന്നില്ല.


ചീത്ത പറയുമ്പോ ചിരിക്കുന്ന ഒരാളെ ആ അപ്പാപ്പന്‍ ആദ്യമായിട്ട് കാണുവായിരിക്കും.

ഒരു പത്തു പതിനഞ്ചു മിനിറ്റു പറഞ്ഞു കഴിഞ്ഞപ്പോ അപ്പാപ്പന് മനസിലായി പറഞ്ഞിട്ട് കാര്യമില്ലെന്ന്. പോവാണെന്ന് ആംഗ്യം കാണിച്ചു ആള് തിരിച്ചു നടന്നു.


“താങ്ക് യു അപ്പാപ്പാ...” ഞാന്‍.

അപ്പാപ്പന്‍ തിരിഞ്ഞു എന്നെ ഒരു നോട്ടം, ആ മുഖത്തെ ഭാവം. ഹോ !

ഒന്ന് മിണ്ടിയില്ല, തിരിഞ്ഞു നോക്കാതെ നടന്നു പാവം.


ഞാന്‍ തിരിച്ചു അകത്തു കയറി.


“ആഷൂ...ടാ നീ അപ്പാപ്പന്‍ വന്നത് കണ്ടാ...”

അവന്‍ കയ്യില്‍ ഒരു ഹമ്മറും പിടിച്ചു അടുത്തതു ഇനി എന്ത് ഒപ്പിക്കണം എന്ന് ആലോചിച്ചു നില്കാണ്.

“ഇതൊക്കയെന്തു...ഇതല്ല, ഇതിനപ്പുറവും കണ്ടവനാണീ ആഷൂ..അച്ചന്‍ ഒന്ന് പോ...”

ഇതാണ് അവന്റെ ഭാവം.


“പൊന്നാമി...നീ കണ്ടില്ലേ അപ്പാപ്പന്‍ വന്നത്.”

“ഏതു അപ്പാപ്പനാ അച്ചാ...കല്ലേറ്റുംകരയിലേ അപ്പാപ്പനാ, തൃശ്ശൂരിലെ അപ്പാപ്പനാ...???”

ബെസ്റ്റു...


അപ്പാപ്പന്റെ രണ്ടാം വരവ്...


ഇത്തവണ ഞങ്ങള്‍ ഒരു റെസ്ക്യൂ മിഷനില്‍ ആയിരുന്നു.

ആഷൂ ഫയര്‍ ഫൈറ്റർ...

പൊന്നാമി ഫയര്‍ ഡിപാര്‍ട്ട്‌മെന്റ് ചീഫ്.

ഞാന്‍ ക്യാപ്റ്റന്‍, ചുമ്മാ മേല്‍നോട്ടം മാത്രം.


ഫയര്‍ സ്റ്റേഷന്‍ ഫ്ലാറ്റിന്റെ ഒരു അറ്റത്തെ മുറിയില്‍.

എന്തിനും തയ്യാറായി, ‘ഫയര്‍’ എന്നൊരു വാക്ക് കേള്‍ക്കാന്‍ വെമ്പി നില്‍ക്കുന്ന ഉര്‍ജസ്വലനായ

‘ആഷൂ’ ദി ഫയര്‍ ഫൈറ്റർ. ഫയര്‍ അലാറം കൊടുക്കാനായി ചീഫ് പൊന്നാമിയും.


“ഫയര്‍ ഇന്‍ ദി കിച്ചന്‍” ഫയര്‍ ചീഫ്ന്റെ അലാറം.

ണിം..ണിം..ണിം..ണിം..ണിം..ണിം..

ഡും, ഡും, ഡും, ഡും, ഡും...

മുറിയില്‍ നിന്ന് കിച്ചനിലേക്ക് ചീറി പാഞ്ഞു വരുന്ന ഫയര്‍ എഞ്ചിന്‍, ഫയര്‍ ഫൈറ്റർ തന്റെ വണ്ടിയുമായി.

വരുന്ന വഴിയില്‍ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ട് ഫയര്‍ ഫൈറ്റർ.

ജാപ്പനീസ്‌ ഫയര്‍ ഫൈറ്റ്ങ്ങ് രീതികള്‍ അനുകരിക്കുന്നതാണ്.

ക്ഷമിക്കണം, അസൌകര്യം ഉണ്ടായതില്‍ ഖേദിക്കുന്നു. വഴി മാറു...

എന്നൊക്കയാണ് നമ്മുടെ ഫൈറ്റർ ഉദേശിക്കുന്നത്, പക്ഷേ ശ്രദ്ധിച്ചു ഇരിക്കണം ഇതൊക്കെ മനസിലാവാന്‍.


തീ അങ്ങിനെ ഫ്ലാറ്റ് മുഴുവന്‍ വ്യാപിക്കാണ്.

കിച്ചണില്‍ നിന്ന് ഹാളിന്റെ ഒരു അറ്റത്തേക്ക്, അവിടെ നിന്ന് അടുത്ത അറ്റത്തേക്ക്.

ഓരോ തവണയും, തീ അണച്ച് ഫയര്‍ എഞ്ചിന്‍ സ്റ്റേഷനിലോട്ടു തിരിച്ചു പോവും.

പിന്നെ അവിടെ നിന്ന് തിരിച്ചു വരും.

കിച്ചണില്‍ നിന്ന് ഹാളിലേക്ക് രണ്ടു സ്റ്റെപ്പ് കഷ്ട്ടി വേണ്ട..അപ്പോഴാണ്‌.

“ഫയര്‍ എന്ജിനെ ഫയര്‍ സ്റ്റേഷന്‍ നിന്നെ വരൂ..അച്ചാ”

“ഓ !”


അഞ്ചാറു തവണയായി ഇപ്പൊ ഫൈറ്ററും എഞ്ചിനും കൂടി വീട്ടില്‍ കിടന്നു കറങ്ങുന്നു.

ഓരോ തവണയും ഫയര്‍ എന്ജിനെ വരുമ്പോ..

“ണിം..ണിം..ണിം..ണിം..ണിം..ണിം..” ഫയര്‍ എഞ്ചിന്റെ സൌണ്ട്.

ഫയര്‍ ഫൈറ്റെറുടെ അന്നൌന്സെമെന്റെ, അത്യാവശ്യം ഉച്ചത്തില്‍. പിന്നെ...

ഡും, ഡും, ഡും, ഡും, ഡും...

ഫയര്‍ എന്‍ജിനു പതുക്കെ വരാന്‍ അറിയില്ലാലോ...!!!


പെട്ടന്നാണ് ഫയര്‍ ചീഫ് ന്റെ ഭാവന ഒന്ന് വിടര്‍ന്നത്.

“ഫൈറ്റർ, ബില്‍ഡിംഗ്‌ ഓണ്‍ ഫയര്‍. ഹെല്പ് തോസ് ബോയ്സ്...സെക്കന്റ്‌ ഫ്ലോര്‍.”

“ഹറി...ഹറി...ഹറി...”

ബില്‍ഡിംഗ്‌ ?? ഏതു ബില്‍ഡിംഗ്‌ ? ഞാന്‍ ഒന്ന് ചുറ്റും നോക്കി.

“ണിം..ണിം..ണിം..ണിം..ണിം..ണിം..”ഫയര്‍ എന്ജിനെ പുറപ്പെട്ടു കഴിഞ്ഞു.

അന്നൌന്സെമെന്റെ പുറകെ.

ഡും, ഡും, ഡും, ഡും, ഡും...ഫയര്‍ എഞ്ചിന്‍ നൂറെ നൂറ്റംബതില്‍..നല്ല സ്പീഡ്.

ഫയര്‍ ഫൈറ്റർ ദാ ബില്ടിങ്ങില്‍ കയറുന്നു.

പടുക്കോ !!!

ഫയര്‍ ഫൈറ്റർ ദാ വീണ്ടും ബില്ടിങ്ങില്‍ കയറുന്നു.

പടുക്കോ !!!


“ഗുഡ് ജോബ്‌ ഫൈറ്റെർ.”

ചീഫ് ഉം ഫൈറ്റെർ ഉം മുഖത്തോടുമുഖം നോക്കി ഒന്ന് പരസ്പരം കുമ്പിട്ടു.

ഞാന്‍ നോകുമ്പോ എന്താ...

ബെഡ്റൂമിലെ രണ്ടു നില കട്ടില്‍ ആണ് തീ പിടിച്ച ബില്‍ഡിംഗ്‌.

അവിടെ മുകളിലെ നിലയിൽ പെട്ട് കിടക്കുന്ന ബോയ്സ്.

ബോയ്സ്നെ റെസ്ക്യൂ ചെയ്തു ബില്ടിങ്ങില്‍ നിന്ന് ചാടിയതാണ് ഫയര്‍ ഫൈറ്റര്‍.

അതാണ്‌ ആ പടുക്കോ, പടുക്കോ !!!

രണ്ടു ബോയ്സ് ഉണ്ടായിരുന്നത്രേ..അതാണ്‌ രണ്ടു പടുക്കോ.


പണി പാളിയെന്ന് ഉറപ്പായി. അപ്പാപ്പന്‍ എപ്പോ വന്നു എന്ന് ചോദിച്ച മതി.

“ആഷൂ, പൊന്നാമി... കളി നിര്‍ത്തിക്കോ. മതി മതി ഫയര്‍ എന്ജിനെ ഒക്കെ”

“അച്ചാ പ്ലീസ് ഒരു റെസ്ക്യൂ കൂടി...”

“പിന്നെ...വേണ്ട വേണ്ട നിര്‍ത്തിക്കോ..”


ടിംഗ് ടോങ്ങ്...ടിംഗ് ടോങ്ങ്..

അപ്പാപ്പന്‍. ഇത്തവണ ഒരു സംശയവും ഉണ്ടായിരുന്നില്ല.

അത് പോലെ ആയിരുന്നല്ലോ കൃത്യനിര്‍വഹണത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാത്ത ഫയര്‍ ചീഫ് ഉം ഫൈറ്ററും. ഞാന്‍ നേരെ ചെന്ന് വാതില്‍ തുറന്നു.

അപ്പാപ്പന്‍ തന്നെ.

ഇത്തവണ പക്ഷേ പഴയ സ്വര്‍ണകണ്ണട വച്ച അപ്പാപ്പന്‍ അല്ല.

വേറെ ഒരു അപ്പാപ്പന്‍.


“കൊനിചിവാ…” അപ്പാപ്പന്‍ തുടങ്ങി.

“എനക്ക് ജാപ്പനീസ്‌ തെരിയാത്, അപ്പാപ്പാ...ഇങ്കെ കൊളെന്തകള്‍...”

ദൈവമേ, ഞാന്‍ എന്തിനാ ഈ അപ്പാപ്പനോട് തമിഴ് പറയുന്നേ.

പെട്ടന്നുള്ള ഒരു ആവേശത്തില്‍...ടോക്യോ പെട്ടന്ന് കോയമ്പത്തൂര്‍ ആയി എനിക്ക്.

ഒരു മൂന്ന് കൊല്ലം കോയമ്പത്തൂര്‍ ഉണ്ടായിരുന്നതിന്റെ ബാക്കി പത്രങ്ങള്‍.

പക്ഷേ അത് കൊണ്ട് ഒരു ഗുണം ഉണ്ടായി.

ഈ അപ്പാപ്പനു എനിക്ക് ജാപ്പനീസ്‌ അറിയിലെന്നു പിടികിട്ടി.

പിന്നെ ആള് അധികം ഒന്നും പറഞ്ഞില്ല.

ഞാന്‍ കുറെ സോറി എന്നൊക്കെ പറഞ്ഞ്, വന്ന കാര്യം എനിക്ക് പിടികിട്ടി എന്ന് അപ്പാപ്പനെ ബോധ്യപെടുത്തി, ഒരുവിധം. കാര്യം പിടികിട്ടി എന്ന് മനസിലായപ്പോ പിന്നെ അപ്പാപ്പന്‍ അധികം എന്നെ ബുദ്ധിമുട്ടിച്ചില്ല.

ഒന്ന് സൂക്ഷിച്ചോ എന്ന് ജാപ്പനിസില്‍ പറഞ്ഞിട്ട് ആള് പോയി.


ചില സമയത്ത് ഭാഷ അറിഞ്ഞില്ലേലും അവര് ഉദേശിക്കുന്നത് എന്താണെന്ന് നമ്മുക്ക് മനസിലാവും.


അപ്പാപ്പന്റെ മൂന്നാം വരവ്...


പക്ഷേ ഈ പ്രാവശ്യം അപ്പാപ്പന്‍ വന്നത് ആരും അറിഞ്ഞില്ല.

ഞങ്ങള്‍ പുറത്തു എവിടേയോ പോയി വരുവാണ്.

നോക്കുമ്പോ വാതിലിനു പുറത്തു ഒരു വെള്ള കടലാസ്സ്‌.

ഒരു നോട്ടീസ് ആണ് അപ്പാപ്പന്‍ വക...


“സൌണ്ട് ട്രാവെല്‍സ് ത്രൂ വാള്‍സ്…”

നോട്ടീസ്ന്റെ തലക്കെട്ട്‌ കണ്ടപ്പോ തന്നെ കാര്യം പിടികിട്ടി.

നമ്മളെ ഉദേശിച്ചാണ്, അതാണ്‌ ഇംഗ്ലീഷ് ഒക്കെ.


എന്തായാലും പിന്നിടങ്ങോട്ടുള്ള എല്ലാവരുടെയും ഓരോ കാല്‍വെപ്പും വളരെ സൂക്ഷിച്ചായിരുന്നു.

ആഷൂന്റെ ഒഴികെ !!!


വാല്‍കഷ്ണം

ടോക്യോ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് താഴെ ഫ്ലാറ്റിലുള്ളളവർ, ഫ്ലാറ്റ് ഒഴിഞ്ഞു നാട് തന്നെ വിട്ടു എന്നാണ്. ഞങ്ങളെ കൊണ്ട് ഇത്രയൊക്കെ പറ്റു എന്ന് ആഷൂവും പൊന്നാമിയും.

61 views

Comments


Featured Posts

bottom of page