“ഒന്നും മനസിലായില്ല ബ്രോ, ഒന്നും.”
“എനിക്കും.”
“നമ്മളു ബുദ്ധിജീവികളല്ലാതോണ്ടാണോ ഇനി ??”
“ആ എനിക്കറിയില്ല ബ്രോ...എനിക്കൊന്നുമറിയില്ല... !”
“ഇതൊക്കെയെന്തോ ആന്നു ബ്രോ..”
“ഏതു, ആ കണ്ടതോക്കയോ...”
- ബ്രോസ്, 2017 മാര്‍ച്ച് 22.
ബിനാലെ കണ്ടു ഇറങ്ങിയതിനു ശേഷം.
ബിനാലെ.
കൊച്ചിന്‍ മുസിരിസ് ബിനാലെ.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന ബിനാലെ.
രണ്ടു ദിവസം.
രണ്ടു ബ്രോസ്.
ബ്രോസ് & ബിനാലെ.
“ബ്രോ..”
“യെസ് ബ്രോ..”
“എന്താ പരിപാടി ബ്രോ..”
“നത്തിംഗ് ബ്രോ, ബ്രോ എന്താ പരിപാടി..”
“നത്തിംഗ് ബ്രോ..”
മുകളിലെ സംഭാഷണത്തിലെ, ഓരോ വരിയിലേയും ‘ബ്രോ’ കണ്ടു ഞെട്ടരുത്.
ഒരു മലയാളീ, അതിപ്പോ മലയാളി തന്നെ വേണമെന്നില്ല, ആരെങ്കിലും, തെക്ക് നിന്നായാലും വടക്ക് നിന്നായാലും കൊച്ചിയെത്തി കഴിഞ്ഞാല്‍ പിന്നെ അങ്ങിനെയാണ്, ഒരു കൊച്ചു ഫ്രീക്കന്‍ ആയി മാറും.
ഒരു കൊച്ചു കൊച്ചി ഫ്രീക്കന്‍.
കൊച്ചിയില്‍ വന്നു താമസിക്കുന്ന ഞങ്ങളും അങ്ങനെ തന്നെ.
പക്ഷേ ഇതുവരെയും ഒരു പൊളി ഫ്രീക്കന്‍ ആവാന്‍ പറ്റിയിട്ടില്ലാ, ‘ബ്രോ’ക്കു അപ്പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. ‘എന്നെങ്കിലും ഒരു കൊച്ചി മച്ചാനായി ‘ഡാര്‍ക്ക്’, കോന്ട്ര, ‘സീന്‍’ എന്നീ വാക്കുകളൊക്കെ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ...
മുകളിലെ സംഭാഷണത്തില്‍ നിന്ന് സംഭാഷണത്തിലെ രണ്ടു ബ്രോസിനും ഒരു പണിയുമിലെന്നു മനസിലായി കാണുമല്ലോ. സംഭാഷണത്തിലെ ഒരു ബ്രോ ഈ ഞാന്‍ തന്നെ.
എല്ലാവരും പറയുന്ന പോലെ ജീവിതത്തിലെ ‘ആ’ വഴിത്തിരിവ് അനേഷിച്ചു കുറെ നടന്നു.
എല്ലാവരും നടക്കുന്ന, നടന്നു കൊണ്ടിരിക്കുന്ന പതിവ് വഴികള്‍ തന്നെ.
പക്ഷേ എനിക്കു വേണ്ടിയുള്ള വഴിയിലെ ആ തിരിവ് ഇതുവരെ കണ്ടില്ല.
എന്റെ വഴി ഇതല്ലെങ്കിലോ ?
എന്നാ പിന്നെ വഴി ഒന്ന് സ്വയം മാറ്റി പിടിചേക്കാം എന്ന് വിചാരിച്ചു.
ടാറിട്ട, നല്ല നേര്‍രേഖയിലുള്ള ഫോര്‍ ലൈന്‍ റോഡ്...അതായിരുന്നു എന്റെ വഴി...പഴയ വഴി എന്ന് പറയുന്നതാവും കൂടുതല്‍ ശെരി. ഇപ്പോള്‍ ആ നല്ല വഴിയൊക്കെ, വിട്ട് പുതിയ ഒരു ദിശയിലൂടെ, ഒരു പുതിയ വഴിയിലൂടെ...എവിടെ എത്തുമെന്ന് ഒരു പിടിയുമില്ലാത്ത യാത്ര. താത്വികമായിട്ടു മേലെ പറഞ്ഞ പോലെയൊക്കെ പറയാം. ഇനി മനുഷ്യനു മനസിലാവുന്ന, ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍
“ഉണ്ടായിരുന്ന നല്ല ഒരു ജോലി കളഞ്ഞ്, പുതിയ ഒരു ജോലി തപ്പുന്നു”.
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇപ്പൊ പണിയൊന്നുമില്ല !
ദി ജോബ്‌ലെസ്സ് ബ്രോ !
ഇനി മറ്റേ ബ്രോ.
ആള് എന്നെ പോലെ ജോബ്‌ലെസ്സ് അല്ല, പക്ഷേ ഇപ്പൊ പണിയില്ല.
ബ്രോ പണിയെടുത്തു കൊണ്ടിരുന്ന പ്രോജെക്റ്റ് തീര്‍ന്നു.
പുതിയ പ്രോജെക്റ്റ് വന്നിട്ട് വേണം ഇനി...
പുതിയ പ്രോജെക്റ്റ് കിട്ടുന്ന വരെ, ഇരിക്കാന്‍ കമ്പനി ഒരു ബെഞ്ച് കൊടുക്കും.
ബ്രോ ഇപ്പൊ ഇരിപ്പാണ്, ആ ബെഞ്ചില്‍.
ചുരുക്കത്തില്‍ പറഞ്ഞാല്‍ മറ്റേ ബ്രോക്കും ഇപ്പൊ പണിയൊന്നുമില്ല !
ദി ബെഞ്ച് ബ്രോ !
ജോബ്‌ലെസ്സ് ബ്രോക്കും പണിയില്ല, ബെഞ്ച് ബ്രോക്കും പണിയില്ല.
എങ്ങിനെ നേരം കളയും, എന്ത് ചെയ്യും..
“ബ്രോ, നമ്മുക്ക് രണ്ടു ദിവസം കൊച്ചി കറങ്ങിയാലോ ?”
ബെഞ്ച് ബ്രോ ഒരു ദിവസം വീട്ടിലിരിക്കുന്ന ജോബ്‌ലെസ്സ് ബ്രോയെ വിളിച്ചു.
“കൊച്ചിയോ ?” ജോബ്‌ലെസ്സ് ബ്രോ.
“ആരും കാണാത്ത കൊച്ചി, ആരും പോവാത്ത സ്ഥലങ്ങള്‍...രണ്ടു ദിവസം, കൊച്ചി ബ്ലാസ്റ്റ്...എന്ത് പറയുന്നു ?” ബെഞ്ച് ബ്രോ.
“ഒക്കേ ബ്രോ, ഞാന്‍ റെഡി...”
ഞാന്‍ പിന്നെ എപ്പോഴും റെഡിയാണലോ !
“ബ്രോ എന്നാ ഇന്ന് രാത്രി കേറിക്കോ, നാളെ രാവിലെ തന്നെ നമ്മള്‍ ഇറങ്ങുന്നു...”
“അത്...ഇന്ന് രാത്രി പറ്റില്ല ബ്രോ, നാളെ രാവിലെ ഇറങ്ങാം..” ഞാന്‍.
“അതെന്താ ബ്രോ, എന്തെങ്കിലും പണി ??”
“ഓ, ഒന്നുമില്ല ബ്രോ, ഒരു മടി...”
“ബ്രോ...” എന്ഗ്രി ബെഞ്ച് ബ്രോ.
ഞാന്‍ രാവിലെ ഒന്‍പതിന് തൃശൂര്‍ നിന്ന് കൊച്ചിയെത്തുന്നു, ബ്രോ ഓഫീസില്‍ നിന്ന് ഇറങ്ങുന്നു, നമ്മള്‍ കൊച്ചി കറങ്ങുന്നു. കുറച്ചു നേരം സംസാരിച്ചു ഞങ്ങള്‍ ഒരു പ്ലാന്‍ റെഡിയാക്കി .
“ഓക്കേ. അപ്പൊ, ബ്രോ നാളെ രാവിലെ എത്തുന്നു, നുമ്മ കൊച്ചി കറങ്ങുന്നു”
“യോ, ബ്രോ !!”
പക്ഷേ...
എല്ലാ ട്രിപ്പുകളിലും സ്വാഭാവികമായി സംഭവിക്കുന്ന പോലെ, ആ പ്ലാന്‍ തകര്‍ന്നു.
പ്ലാന്‍ ചെയ്യുന്നു, തകരുന്നു; ട്രിപ്പുകളില്‍ ഇത് സാദാരണം മാത്രം. സാദാരണ ഗതിയില്‍ ട്രിപ്പ് അങ്ങിനയേ പൊളിയും. പക്ഷേ ഇവിടെ അത് സംഭവിച്ചില്ല. ബെഞ്ച് ബ്രോക്കു ഒരു എമര്‍ജന്‍സി, ഉച്ചക്കേ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ പറ്റൂ. എന്നെ കേരള എക്സ്പ്രസ് ചതിച്ചു, വൈകീയോടുന്നു. ഞാനും എത്തുമ്പോ ഉച്ചയാവും. ആരും കാണാത്ത കൊച്ചി കാണാനുള്ള പ്ലാന്‍ ഞങ്ങള്‍ വിട്ടു.
“ബ്രോ, എന്നാ ബിനാലേക്ക് വിട്ടാലോ...” ഞാന്‍
“ബിനാലെ...?”
“കഴിഞ്ഞ പ്രാവശ്യം നമ്മുക്ക് കാണാന്‍ പറ്റിയില്ലലോ, ഉച്ചക്ക് ഫുഡ് അടിച്ചിട്ട് നേരെ ഫോര്‍ട്ട് കൊച്ചി വിടാം..ബിനാലെ കണ്ടു രാത്രി മടങ്ങാം...നാളത്തെ കാര്യം പിന്നെ തീരുമാനിക്കാം..എന്ത് പറയുന്നു”
“ഓക്കേ ബ്രോ, അപ്പൊ ഞാന്‍ ഇറങ്ങുമ്പോ കാര്‍ എടുക്കാം..നമ്മുക്ക് കാറില്‍ പോവാം” ബെഞ്ച് ബ്രോ.
“ഓക്കേ ബ്രോ”
“അപ്പൊ ബിനാലെ”
“യോ, ബിനാലെ”
അങ്ങിനെ ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കാറുമെടുത്തിറങ്ങി.
അടുത്ത സ്റ്റോപ്പ് ഫോര്‍ട്ട് കൊച്ചി.
കൊച്ചി നഗരം ഒരു പ്രഹേളികയാണ് ഞങ്ങള്‍ക്ക്. ഒരു പിടികിട്ടാ നഗരം.
മൂന്ന് കൊല്ലത്തിനടുത്ത് കൊച്ചിയില്‍ താമസിച്ചിട്ടും വഴികളും സ്ഥലങ്ങളും ഇപ്പോഴും തെറ്റും.
ഒരിക്കല്‍ ഞങ്ങള്‍ മറൈന്‍ ഡ്രൈവ് പോയി, കാക്കനാട് നിന്ന് നേരെ മറൈന്‍ ഡ്രൈവ്.
അങ്ങോട്ട് പോകുമ്പോള്‍ ഒരു പ്രശ്നവുമില്ല, കാരണം വളഞ്ഞു പുളഞ്ഞൊന്നും പോകണ്ടാ..നല്ല നേര്‍ വഴി...വാഴക്കാല, പൈപ്പ് ലൈന്‍, പാലാരിവട്ടം, കലൂര്‍...മെയിന്‍ റോഡിലൂടെ അങ്ങ് വച്ച് പിടിച്ചാല്‍ നേരെ മറൈന്‍ ഡ്രൈവ് എത്തും. ഞങ്ങള്‍ എത്തുകയും ചെയ്തു. വന്ന വഴി മറക്കരുത് എന്നാണാലോ പ്രമാണം, ഞങ്ങള്‍ മറന്നില്ല. പക്ഷേ തിരിച്ചു വന്നപ്പോ എത്തിയത് ഇടപ്പിള്ളി, കാക്കനാട് നിന്ന് അഞ്ചു ആറു കിലോമീറ്റര്‍ അപ്പുറം. കാക്കനാട് നിന്ന് നേരെ പോയാല്‍ മറൈന്‍ ഡ്രൈവ്, വളവും തിരിവുമോന്നുമില്ല..അപ്പൊ ന്യായമായും തിരിച്ചു ആ നേര്‍വഴിയിലൂടെ ഇങ്ങോട്ട് വന്നാല്‍ കാക്കനാട് എത്തണമല്ലോ ?
പക്ഷേ, കൊച്ചിയില്‍ നിങ്ങള്‍ എത്തില്ല. കാക്കനാട് നിന്ന് മറൈന്‍ ഡ്രൈവിലേക്കുള്ള വഴി നേരെയാണെങ്കില്‍, തിരിച്ചു മറൈന്‍ ഡ്രൈവില്‍ നിന്ന് കാക്കനാട് എത്തണമെങ്കില്‍ ആ നേരേ വരുന്ന വഴിയില്‍ ഒരു U ടേണ്‍ ഒക്കെ എടുക്കണം. നേരെ വാ, വളഞ്ഞു പോ; അതാണ് കൊച്ചി.
ആര്‍ക്കും മനസിലാവാത്ത വഴികള്‍, കൊച്ചിയിലെ നിഗൂഡ വഴികള്‍.
ദി മിസ്റ്റിക്ക് റോഡ്സ് ഓഫ് കൊച്ചി.
കൊച്ചിയിലെ അദൃശ്യമാകുന്ന വഴികള്‍...
ഇതിനു മുന്‍പേ ഒരു തവണ ഞങ്ങള്‍ ബിനാലെ കാണാന്‍ പോയിരുന്നു പക്ഷേ കാണാന്‍ സാധിച്ചില്ല, അന്ന്, പ്രദര്‍ശനം അവസാനിക്കുന്നതിനു മുന്നേ എത്താന്‍ കഴിഞ്ഞില്ല. കാരണമോ, കൊച്ചിയിലെ കാണാതാവുന്ന വഴികളും. ഞങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വഴി പെട്ടന്ന് കാണാതായി.
ഞങ്ങള്‍ ഇങ്ങനെ കാറില്‍ പോയി കൊണ്ടിരിക്കുന്നു, പെട്ടന്ന് മുന്നില്‍ വഴിയില്ല !
മുന്നോട്ടു പോകാന്‍ വഴിയില്ല !
ദി മിസ്റ്റിക്ക് റോഡ്സ് ഓഫ് കൊച്ചി.
അന്ന് ഞങ്ങള്‍ യാത്ര തുടങ്ങുന്നതിനു മുന്‍പേ ഗൂഗിള്‍ മാപ്സില്‍ റൂട്ട് സെറ്റ് ചെയ്തു.
ഗൂഗിള്‍ കാണിക്കുന്ന റൂട്ട് വളരെ വളഞ്ഞു, ദൂരം കൂടിയ, സമയമെടുക്കുന്ന ഒരു വഴി.
ഞങ്ങള്‍ നോക്കിയപ്പോള്‍ പെട്ടന്ന് എത്തുന്ന വേറെ ഒരു വഴി. കാക്കനാട് നിന്ന് നേരെ മറൈന്‍ ഡ്രൈവ് എത്തുന്നു. അവിടെ നിന്ന് വലത്തോട്ട് തിരിയുന്നു, മൂന്ന് വലിയ പാലങ്ങള്‍ കയറുന്നു. ഒന്ന് ഇടത്തോട്ട് തിരിയുന്നു, ദേ എത്തി ഫോര്‍ട്ട് കൊച്ചി. കൊച്ചി കായലും, വല്ലാര്‍പാടം ടെര്‍മിനലുമൊക്കെ കാണാം ആ വഴിയില്‍.
ആ വഴി തന്നെ പിടിച്ചു. കൊച്ചി കായലും, കായലിലെ നിന്ന് വരുന്ന കാറ്റും എല്ലാം ആസ്വദിച്ചു ഞങ്ങള്‍ മൂന്ന് പാലങ്ങളും കയറിയിറങ്ങി ഇടത്തോട്ട് തിരിഞ്ഞു. വഴി ശേരിയല്ലേ എന്ന് അറിയാന്‍ വേണ്ടി ഞാന്‍ ഒന്ന് ഗൂഗിള്‍ മാപ്സില്‍ നോക്കി.
“ ബ്രോ...സീന്‍ ആയി !!” ഞാന്‍ ഫ്രീക്കന്‍ ആവാനുള്ള ശ്രമം.
“എന്താ ബ്രോ...” ബെഞ്ച് ബ്രോക്കു ഒരു ഞെട്ടല്‍.
“ബ്രോ..ഇവിടെ ഉണ്ടായിരുന്ന ആ വഴി കാണാനില്ല, ഇനി പോയ നമ്മള് കടലില്‍ വീഴും”
“ബ്രോ.....”
ബെഞ്ച് ബ്രോക്കു ഒന്നും മനസിലാവുന്നില്ല, എനിക്കും.
ഞങ്ങള്‍ ഒന്ന് ചുറ്റും നോക്കി, ഒരു ഓട്ടോ അവിടെ കിടപ്പുണ്ട്, കാര്‍ അങ്ങോട്ട് എടുത്തു
“ചേട്ടാ, ഈ ഫോര്‍ട്ട് കൊച്ചിക്ക് ???”
“ജങ്കാര്‍ ഇപ്പൊ വരും, വണ്ടി തിരിച്ചു വരി പിടിച്ചോ..”
“ജങ്കാറാ...!!!” ഞങ്ങള്‍ രണ്ടുപേരും ഒരുമിച്.
കൊച്ചിയിലെ അദൃശ്യമാകുന്ന വഴികള്‍...
വഴി അവിടെ അവസാനിക്കുകയാണ്, അതാണ് ഗൂഗിള്‍ വളഞ്ഞ വഴി കാണിച്ചത്.
ഇനി ജങ്കാറേയുള്ളൂ ആശ്രയം.
പത്തു മിനിറ്റേയെടുത്തുള്ളു അന്ന് ഞങ്ങള്‍ ജങ്കാറില്‍ ഫോര്‍ട്ട് കൊച്ചിയെത്താന്‍, പക്ഷേ ജങ്കാറിനു വേണ്ടി വരിയില്‍ കാത്തു കിടന്നതോ ഏകദേശം രണ്ടു മണിക്കൂറും.
അങ്ങനെ അന്നത്തെ ബിനാലെ കാണല്‍ ഒരു ഡാര്‍ക്ക് സീനായി.
കൊച്ചിയിലെ വഴികളില്‍ ഇങ്ങനെ പലതും സംഭവിക്കാം എന്ന് അനുഭവമുള്ളതു കൊണ്ട്, ഇത്തവണ ഞങ്ങള്‍ നേരായ വഴി തന്നെയെടുത്തു.
സമയം കുറെച്ചെടുത്തെങ്കിലും, എത്തി ഫോര്‍ട്ട് കൊച്ചിയില്‍, വഴിയൊന്നും തെറ്റാതെ തന്നെ. സമാധാനം.
“ബ്രോ..ഇവിടെ ഒന്ന് കേറി നോക്കിയാലോ ?”
“വേണോ...”
“ചുമ്മാ കേറി നോക്കാം, എന്താന്നു അറിയാലോ..”
“ഓക്കേ. എന്നാ വാ”
ഞങ്ങള്‍ കാറില്‍ നിന്നിറങ്ങി, ആ കൊച്ചു മ്യുസിയത്തിന്റെ ആ വലിയ ബോര്‍ഡ് ഒന്ന് വായിച്ചു “S N C Maritime Museum.” സതേണ്‍ നേവല്‍ അക്കാദമിയുടെ ഒരു ഹെറിറ്റയ്ജ് മ്യൂസിയം. ഒരു കൊച്ചു മ്യൂസിയം, ഇന്ത്യന്‍ നേവിയുടെ ആയുധങ്ങളും, പഴയ പടകോപ്പുകളും, മറ്റും പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. ഞങ്ങള്‍ ഒരു അരമണിക്കൂര്‍ അവിടെ ചുറ്റികറങ്ങി; കുഞ്ഞാലി മരയ്ക്കാറിന്റെയും, വാസ്കോ ഡാ ഗാമയുടെയും കൂടെ ഓരോ ഫോട്ടോയുമെടുത്തു അവിടെ നിന്നിറങ്ങി.
ഇനി നേരെ ബിനാലെ കാഴ്ചകളിലേക്ക്.
അസ്പിന്‍വാള്‍ ഹൌസ്.
ബിനാലെയുടെ സിംഹഭാഗവും അവിടെയാണ്.
അറബി കടലിനോടു ചേര്‍ന്നുള്ള ഒരു പഴയ ധാന്യ സംഭരണി.
നൂറു രൂപയുടെ രണ്ടു പാസുമെടുത്തു ഞങ്ങള്‍ അസ്പിന്‍വാള്‍ ഹൌസിലോട്ടു കയറി.
ബെഞ്ച് ബ്രോ മുന്നില്‍ നടക്കുന്നു, ഞാന്‍ പുറകെ.
ബെഞ്ച് ബ്രോ ഇടത്തോട്ടു തിരിഞ്ഞു ഒരു പ്രദര്‍ശന ഹാളിലേക്ക് കയറി.
“ബ്രോ...ബ്രോ...പെട്ടന്ന് വാ...” ബെഞ്ച് ബ്രോ ഉറക്കേ.
“എന്താ ബ്രോ ?”
ഞാന്‍ നോക്കുബോ ബെഞ്ച് ബ്രോ ചിരിയോ ചിരി...
ചിരി നിര്‍ത്താന്‍ പറ്റുന്നില്ലാ...
“ബ്രോ, ഇത് നോക്ക്...” ബ്രോ ചിരിക്കിടയില്‍ എങ്ങിനയോ പറഞ്ഞൊപ്പിച്ചു.
“ഹ..ഹ...ഹ...ഹ..” ഞാനും ചിരി തുടങ്ങി.
“ബ്രോ മറ്റേതു...നമ്മള്‍ പറഞ്ഞേ...”
“ഹി...ഹി...ഹി...ഇത് നമ്മുടെ ബിനാലെ കസേര ബ്രോ”
ബിനാലെ കസേര !!
തുടരും
Comments